28.2 C
Saudi Arabia
Sunday, March 15, 2026
spot_img

യുഎഇയിലെ യുഎസ് താവളങ്ങൾക്ക് ഇറാന്റെ ഭീഷണി; ഖാർഗ് ദ്വീപ് ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുന്നു

ദുബൈ/ടെഹ്‌റാൻ: ഇറാൻ്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിന് പിന്നാലെ യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ രൂക്ഷമായ മുന്നറിയിപ്പുമായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ്  യുഎഇയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തങ്ങളുടെ ‘നിയമപരമായ ലക്ഷ്യങ്ങൾ’ ആണെന്നും ഏത് നിമിഷവും ആക്രമണമുണ്ടാകാമെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണ സാധ്യത കണക്കിലെടുത്ത് യുഎഇയിലെ തുറമുഖങ്ങൾ, കപ്പൽ ജെട്ടികൾ, അമേരിക്കൻ സൈനിക താവളങ്ങൾ എന്നിവയുടെ പരിസരത്ത് നിന്ന് മാറിനിൽക്കാൻ ഇറാൻ അധികൃതർ അവിടത്തെ താമസക്കാർക്ക് നിർദ്ദേശം നൽകി. ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ യുഎഇയിലെ അൽ ദാഫ്ര എയർബേസ് ഉൾപ്പെടെയുള്ള യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ, ഇറാൻ്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തിയിരുന്നു. ദ്വീപിലെ 90-ഓളം സൈനിക ലക്ഷ്യങ്ങൾ പൂർണ്ണമായും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്  അറിയിച്ചു. ഇറാൻ്റെ എണ്ണ സംഭരണ ശാലകളെയും കയറ്റുമതി പ്ലാന്റുകളെയും തൽക്കാലം ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയതായും എന്നാൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഈ തീരുമാനം മാറ്റുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ സൈനിക ശേഷി തകർക്കുന്നതിൻ്റെ ഭാഗമായാണ് മിസൈൽ സംഭരണ കേന്ദ്രങ്ങളും നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന ബങ്കറുകളും തകർത്തതെന്ന് അമേരിക്ക അവകാശപ്പെടുന്നു.

അതേസമയം, ഗൾഫ് മേഖലയിലുടനീളം ഇറാൻ തങ്ങളുടെ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. യുഎഇയിലെ ഫുജൈറ തുറമുഖത്തും ഒമാനിലെ സലാല തുറമുഖത്തുമുള്ള എണ്ണ സംഭരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ഇവിടങ്ങളിൽ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തതായും വാർത്തകളുണ്ട്. ഹോർമുസ് കടലിടുക്ക് വഴി എണ്ണയുമായി പോകുന്ന കപ്പലുകൾ ഇറാൻ തടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് 150 ഡോളർ വരെ വില വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സംഘർഷം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles