28.2 C
Saudi Arabia
Sunday, March 15, 2026
spot_img

ഖത്തറിൽ നിന്നും സൗദി വഴി ഇന്ത്യയിലേക്ക്; എംബസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ദോഹ: ഖത്തറിൽ നിന്നും സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ദോഹയിലെ ഇന്ത്യൻ എംബസി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അബു സംറ (ഖത്തർ) – സൽവ (സൗദി അറേബ്യ) അതിർത്തി വഴി യാത്ര ചെയ്യുന്നവർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ് എംബസി അറിയിച്ചിരിക്കുന്നത്.

യാത്രക്കാർ എംബസിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലഭ്യമായ ഗൂഗിൾ ഫോം ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ മുൻകൂട്ടി സമർപ്പിക്കേണ്ടതാണ്. എല്ലാ വിവരങ്ങളും കൃത്യമായി നൽകിയാൽ ഏകദേശം 48 മണിക്കൂറിനുള്ളിൽ ആവശ്യമായ അനുമതികൾ ലഭ്യമാകും. അതിർത്തിയിൽ എത്തുന്നതിന് മുൻപ് തന്നെ യാത്രാരേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം. അംഗീകൃത ട്രാൻസിറ്റ് വിസയോ അല്ലെങ്കിൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള വിസയോ പാസ്‌പോർട്ടിൽ ഉണ്ടായിരിക്കണം.

സൗദി അറേബ്യയിലെ റിയാദിൽ നിന്നോ ദമാമിൽ നിന്നോ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റും യാത്രക്കാരുടെ പക്കൽ ഉണ്ടായിരിക്കണം. 96 മണിക്കൂർ താൽക്കാലിക ട്രാൻസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കൺഫേം ചെയ്ത ടിക്കറ്റ് ഇല്ലെങ്കിൽ സൗദി ഇമിഗ്രേഷൻ വിഭാഗം പ്രവേശനം നിഷേധിക്കാൻ സാധ്യതയുണ്ട്.
ബസിലോ ഗ്രൂപ്പായോ യാത്ര ചെയ്യുന്നവർ അബു സംറ അതിർത്തിയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഓഫീസിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് സാധാരണ ചെക്ക്‌പോസ്റ്റുകൾ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.

അംഗീകൃത ട്രാവൽ ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് എംബസി നിർദ്ദേശിക്കുന്നു. ക്രോസ്-കൺട്രി പെർമിറ്റ്, വാഹന ഇൻഷുറൻസ്, ഡ്രൈവർക്ക് ആവശ്യമായ വിസ എന്നിവ ഉറപ്പുവരുത്തണം. യാത്രക്കാർ രാവിലെ 6 മണിക്കും രാത്രി 8 മണിക്കും ഇടയിൽ അതിർത്തിയിൽ എത്താൻ ശ്രദ്ധിക്കണം. അവസാന നിമിഷം സൗദി അധികൃതരുമായി ആവശ്യമായ ഏകോപനം നടത്തുന്നതിനാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles