28.2 C
Saudi Arabia
Sunday, March 15, 2026
spot_img

പ്രവാസികൾക്ക് ഇരുട്ടടി, എയർ ഇന്ത്യയുടെ സർച്ചാർജ്; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും.

ന്യൂ ഡൽഹി: ഗൾഫ് മേഖലയിലെ പ്രതിസന്ധികളെത്തുടർന്ന് ജെറ്റ് ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർധനവും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഉയർന്ന നികുതിയും കാരണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വിമാന ടിക്കറ്റുകളിൽ ഇന്ധന സർച്ചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പ്രവർത്തനക്ഷമത നിലനിർത്തുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലും ഘട്ടംഘട്ടമായി സർച്ചാർജ് നടപ്പിലാക്കുന്നത്.

നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇന്ധന സർച്ചാർജ് ഈടാക്കുന്നില്ലെങ്കിലും, പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇതിലും മാറ്റങ്ങൾ വരും.
മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം മാർച്ച് 12-ന് പുലർച്ചെ മുതൽ പുതിയതായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിക്കഴിഞ്ഞു. ഇതനുസരിച്ച് ഇന്ത്യയിലെ ആഭ്യന്തര സർവീസുകളിലും ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലും 399 രൂപ വീതം അധിക സർച്ചാർജ് ഈടാക്കും.
പശ്ചിമേഷ്യയിലേക്കുള്ള യാത്രകൾക്ക് 10 യുഎസ് ഡോളറും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും യഥാക്രമം 20, 30 യുഎസ് ഡോളർ വീതവുമാണ് വർധിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഇന്ധന സർച്ചാർജ് ഇല്ലാതിരുന്ന സിംഗപ്പൂരിലേക്കുള്ള സർവീസുകളിലും മാർച്ച് 12 മുതൽ സർച്ചാർജ് ബാധകമാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടം മാർച്ച് 18-ന് പുലർച്ചെ മുതൽ നിലവിൽ വരും. ഇതനുസരിച്ച് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് 25 യുഎസ് ഡോളറും, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 50 യുഎസ് ഡോളർ വീതവും വർധിക്കും. മൂന്നാം ഘട്ടത്തിൽ ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഫാർ ഈസ്റ്റ് വിപണികളിലേക്കുള്ള സർച്ചാർജ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വർധിപ്പിച്ച നിരക്കുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് ട്രാവൽ പാർട്ണർമാരോട് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles