കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാത്തലവൻ അലുവ അതുലിനെ (30) പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കോട്ടയം മുണ്ടക്കയത്തെ ഒരു ഹോട്ടലിന് മുന്നിൽ നിന്നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഹരിയാന രജിസ്‌ട്രേഷനുള്ള കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11:15-ഓടെ ദേശീയപാതയിൽ പുതിയകാവിലായിരുന്നു സംഭവം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അതുൽ, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് കാറിലെത്തിയ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
അതുൽ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചുതെറിപ്പിക്കുകയും, തുടർന്ന് പുറത്തിറങ്ങി വടിവാളും മഴുവും ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കടത്തൂർ-വയനകം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ദീർഘകാലത്തെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഇവർക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.



