28.2 C
Saudi Arabia
Sunday, March 15, 2026
spot_img

സി.പി.ഐ സ്ഥാനാർത്ഥി പട്ടികയായി; 25 മണ്ഡലങ്ങളിൽ ജനവിധി തേടും, നാല് മന്ത്രിമാരും മത്സരരംഗത്ത്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ തങ്ങളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാരായ കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ വീണ്ടും ജനവിധി തേടും. പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ പി. ബാലചന്ദ്രന് പകരം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ സ്ഥാനാർത്ഥിയാകും.

മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേരെ ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, പുനലൂരിൽ അജയ് പ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര, ചിറയിൻകീഴിൽ മനോജ് ബി. ഇടമന, ഹരിപ്പാട് ടി.ടി. ജിസ്മോൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ വീണ്ടും മത്സരിക്കും. വൈക്കം എം.എൽ.എ സി.കെ. ആശ, നാട്ടിക് എം.എൽ.എ സി.സി. മുകുന്ദൻ എന്നിവർക്ക് ഇത്തവണ സീറ്റില്ല. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാണിതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സ്ഥാനാർത്ഥികൾ ഉടൻ തന്നെ പ്രചാരണ രംഗത്ത് സജീവമാകും.

 

Related Articles

- Advertisement -spot_img

Latest Articles