24.6 C
Saudi Arabia
Monday, March 16, 2026
spot_img

തളിപ്പറമ്പിൽ സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പി.കെ. ശ്യാമളയ്‌ക്കെതിരെ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കും

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിൽ വൻ പൊട്ടിത്തെറി. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ തന്റെ തീരുമാനം അറിയിച്ചത്. മൂന്ന് തവണ എം.എൽ.എ ആയിരുന്ന എം.വി. ഗോവിന്ദൻ, താൻ പാർട്ടി സെക്രട്ടറി ആയപ്പോൾ ആ സീറ്റിലേക്ക് തന്റെ ഭാര്യയെ തന്നെ പിടിച്ചിരുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് ടേം നിബന്ധന നിലനിൽക്കെ, നാലാം തവണയും അധികാരം സ്വന്തം കുടുംബത്തിൽ തന്നെ നിലനിർത്താനുള്ള നീക്കമാണിതെന്നും ഇക്കാര്യം താൻ നേരിട്ട് എം.വി. ഗോവിന്ദനോട് പറഞ്ഞിരുന്നതായും ടി.കെ. ഗോവിന്ദൻ തുറന്നടിച്ചു.

നിലവിൽ ഹാൻവീവ് ചെയർമാനായ ടി.കെ. ഗോവിന്ദൻ, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ തന്റെ വിയോജിപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ശ്യാമളയ്ക്ക് ജനങ്ങളുമായോ അണികളുമായോ ആത്മബന്ധമില്ലെന്നും അവർ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമർശനം. പാർട്ടിയുടെ ജയസാധ്യതയെത്തന്നെ ഈ തീരുമാനം ബാധിക്കുമെന്ന് അണികൾക്കിടയിൽ സംസാരമുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും പാർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്. എന്നാൽ ഈ എതിർപ്പുകളെല്ലാം തള്ളിക്കൊണ്ട് ശ്യാമളയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് ടി.കെ. ഗോവിന്ദൻ കടുത്ത നടപടികളിലേക്ക് കടന്നത്. വരും ദിവസങ്ങളിൽ കണ്ണൂർ സി.പി.എമ്മിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.

 

Related Articles

- Advertisement -spot_img

Latest Articles