23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ഇസ്രായേലിന്റെ ആണവനഗരമായ ഡിമോണയിൽ ഇറാന്റെ മിസൈൽ പ്രഹരം; നൂറോളം പേർക്ക് പരിക്ക്, യുദ്ധം അതീവ ഗുരുതരം

തെൽ അവീവ്/ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ നഗരത്തിലും സമീപ പ്രദേശമായ അരാദിലും ഇറാൻ അതിശക്തമായ മിസൈൽ ആക്രമണം നടത്തി. ശനിയാഴ്ച നടന്ന ഈ ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിമോണയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ നേരിട്ട് പതിച്ചതിനെത്തുടർന്ന് പരിക്കേറ്റവരിൽ പത്ത് വയസ്സുകാരനായ ഒരു ബാലന്റെ നില അതീവ ഗുരുതരമാണ്. അരാദിൽ മിസൈൽ വീണതിനെത്തുടർന്നുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് 150-ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ഇറാനിലെ നതാൻസ് ആണവ ശുദ്ധീകരണ കേന്ദ്രത്തിന് നേരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അപകടകരമായ ഒരു ഘട്ടത്തിലേക്ക് മാറിയിരിക്കുകയാണ്. നതാൻസിലെ ഭൂഗർഭ ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും എന്നാൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ ടെഹ്‌റാനിലെ മാലിക് അഷ്തർ സർവ്വകലാശാലയിലെ ഗവേഷണ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം ലോകത്തെ തന്നെ വലിയൊരു ആണവ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് ഇരുവിഭാഗവും പിന്തിരിയണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ആവശ്യപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎൻ ഇടപെടാൻ തയ്യാറാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. എന്നാൽ സംഘർഷം തണുപ്പിക്കാനുള്ള യാതൊരു ലക്ഷണവും നിലവിൽ കാണുന്നില്ല.

 

Related Articles

- Advertisement -spot_img

Latest Articles