28.1 C
Saudi Arabia
Sunday, March 22, 2026
spot_img

ഇസ്രായേലിലേക്ക് 400 മിസൈലുകൾ വർഷിച്ച് ഇറാൻ; 92 ശതമാനവും തകർത്തെന്ന് ഐഡിഎഫ്

ജെറുസലേം: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ ഇതുവരെ 400-ലധികം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇതിൽ 92 ശതമാനം മിസൈലുകളും വിജയകരമായി തകർക്കാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദവ് ഷോഷാനി വ്യക്തമാക്കി. എങ്കിലും ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ രണ്ട് മിസൈലുകൾ പ്രതിരോധം ഭേദിച്ച് ജനവാസ മേഖലകളിൽ പതിച്ചു.

തെക്കൻ ഇസ്രായേലിലെ ദിമോണ, അരാദ്, എന്നീ നഗരങ്ങളിലാണ് ശനിയാഴ്ച രാത്രി മിസൈലുകൾ നേരിട്ട് പതിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഏകദേശം 175 പേർക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നൽകി. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം അറിയിച്ചു. ദിമോണയിൽ തന്ത്രപ്രധാനമായ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമാണ് മിസൈൽ പതിച്ചതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. അരാദിൽ മിസൈൽ വീണ് പത്തിലധികം പാർപ്പിട സമുച്ചയങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇറാന്റെ ‘ഘദർ’ (Ghadr) വിഭാഗത്തിൽപ്പെട്ട മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിരോധ സംവിധാനങ്ങളുടെ പിഴവല്ല, മറിച്ച് സാങ്കേതികമായ ചില കാരണങ്ങളാലാണ് ഈ മിസൈലുകൾ തകർക്കാൻ കഴിയാതിരുന്നതെന്ന് ഇസ്രായേൽ വ്യോമസേന വിശദീകരിച്ചു. ആക്രമണത്തിന് മറുപടിയായി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തി. വരും ദിവസങ്ങളിൽ ആക്രമണത്തിന്റെ തീവ്രത ഇനിയും വർദ്ധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles