26.3 C
Saudi Arabia
Sunday, March 22, 2026
spot_img

‘നീ വിതയ്ക്കുന്നത് മരണം മാത്രം’; മിസൈൽ തകർത്ത നഗരത്തിൽ ബെൻ-ഗ്വീറിനെ തടഞ്ഞ് ഇസ്രായേലി വനിത; അരാദിൽ പ്രതിഷേധം

അരാദ്/ജെറുസലേം: ഇറാൻ തൊടുത്തുവിട്ട മിസൈൽ പതിച്ച് വൻ നാശനഷ്ടമുണ്ടായ തെക്കൻ ഇസ്രായേൽ നഗരമായ അരാദിൽ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീറിന് നേരെ ജനരോഷം. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ വൻ സുരക്ഷാ സന്നാഹത്തോടെ എത്തിയ മന്ത്രിയെ ഒരു ഇസ്രായേലി വനിത പരസ്യമായി തടയുകയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. “നീ വിതയ്ക്കുന്നത് മരണം മാത്രമാണ്” എന്ന് ആക്രോശിച്ച അവർ, നിലവിലെ യുദ്ധസാഹചര്യത്തിന് ആക്കം കൂട്ടുന്നത് ബെൻ-ഗ്വീറിനെപ്പോലെയുള്ളവരുടെ തീവ്ര നിലപാടുകളാണെന്ന് കുറ്റപ്പെടുത്തി. ഈ നഗരത്തിൽ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ഉടൻ ഒഴിഞ്ഞുപോകണമെന്നും അവർ മന്ത്രിയോട് ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി അരാദിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ ഒരു പാർപ്പിട സമുച്ചയം പൂർണ്ണമായും തകർത്ത മിസൈൽ, സമീപത്തെ നിരവധി വാഹനങ്ങളെയും കെട്ടിടങ്ങളെയും തകർത്തു. പരിക്കേറ്റവരിൽ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈൽ ജനവാസ കേന്ദ്രത്തിൽ പതിച്ചതെന്നത് സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മിസൈൽ പതിച്ച സ്ഥലത്ത് പരിശോധനയ്ക്കെത്തിയ ബെൻ-ഗ്വീർ, ഇറാനെതിരെയുള്ള യുദ്ധം വിജയം വരെ തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും, സ്വന്തം ജനതയിൽ നിന്നുള്ള ഈ പ്രതിഷേധം ഭരണകൂടത്തിന് തിരിച്ചടിയായി.

ഫെബ്രുവരി 28-ന് തുടങ്ങിയ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങൾ മൂലം രാജ്യം വലിയ സുരക്ഷാ ഭീഷണിയിലാണെന്നും, സാധാരണക്കാരുടെ ജീവൻ പണയപ്പെടുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. അരാദിന് പുറമെ ഡിമോണ നഗരത്തിലും സമാനമായ രീതിയിൽ മിസൈലുകൾ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വരും ദിവസങ്ങളിൽ ഇറാന്റെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles