26.3 C
Saudi Arabia
Sunday, March 22, 2026
spot_img

‘സമ്പൂർണ്ണ ബ്ലാക്കൗട്ടിന് തയ്യാറായിക്കോളൂ’; പവർ പ്ലാന്റുകൾ ആക്രമിച്ചാൽ ഹോർമുസ് പൂർണ്ണമായി അടയ്ക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് ‘പൂർണ്ണമായും’ അടയ്ക്കുമെന്നും ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വൈദ്യുതി, വാർത്താവിനിമയ, ശുദ്ധജല പ്ലാന്റുകൾ തകർക്കുമെന്നും ഇറാൻ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. ഇറാന്റെ വൈദ്യുതി ശൃംഖലയിൽ ചെറിയൊരു പോറലേറ്റാൽ പോലും പ്രദേശം മുഴുവൻ ഇരുട്ടിലാകുന്ന രീതിയിലുള്ള തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇറാന്റെ ‘ശത്രുക്കൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളൊഴികെയുള്ളവർക്ക് ഹോർമുസ് കടലിടുക്ക് വഴി നിയന്ത്രിതമായ രീതിയിൽ സഞ്ചരിക്കാൻ അനുവാദമുണ്ട്. എന്നാൽ അമേരിക്ക ആക്രമണം നടത്തിയാൽ ഈ പാത പൂർണ്ണമായും അടയ്ക്കാനാണ് ഇറാന്റെ നീക്കം. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള സൈനിക താവളങ്ങൾ, ഐടി സംവിധാനങ്ങൾ, കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ എന്നിവയെല്ലാം തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി വ്യക്തമാക്കി. “ഒരു പരിമിതമായ ആക്രമണത്തിന് പോലും മേഖലയിൽ തിരിച്ചെടുക്കാനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാത്രി ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമേഷ്യ അതീവ യുദ്ധഭീതിയിലാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയുന്നത് ആഗോള എണ്ണ വിപണിയെ തകർക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ അമേരിക്കയിൽ ഇന്ധനവില കുതിച്ചുയർന്നത് ട്രംപിന് മേൽ വലിയ ആഭ്യന്തര സമ്മർദ്ദം ചെലുത്തുന്നുണ്ട്. സംഘർഷം ഒഴിവാക്കാൻ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവിഭാഗവും തങ്ങളുടെ കർക്കശമായ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles