22.8 C
Saudi Arabia
Thursday, April 9, 2026
spot_img

ടേക്ക് ഓഫിനിടെ എൻജിനിൽ തീപ്പൊരിയും വലിയ ശബ്ദവും; എയർ ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം (ഫ്ലൈറ്റ് AI 2812) പുലർച്ചെ 2.05-ന് പുറപ്പെടേണ്ടതിന് പകരം 2.15-നാണ് പറന്നുയർന്നത്. എന്നാൽ, ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ എൻജിനിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയും തീപ്പൊരി പടരുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. എൻജിൻ പ്രവർത്തനരഹിതമായതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഉടൻ തന്നെ ജാഗ്രതാ സന്ദേശം നൽകി വിമാനം തിരിച്ചുവിടുകയായിരുന്നു. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ, ഏകദേശം 2.35 ഓടെ വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ടേക്ക് ഓഫിനിടെയുണ്ടായ ശബ്ദവും തീപ്പൊരിയും യാത്രക്കാരിലും ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ചു. വിമാനത്തിന്റെ രണ്ടാമത്തെ എൻജിനാണ് പ്രവർത്തനരഹിതമായതെന്ന് പിന്നീട് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് മുൻകരുതലെന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 47 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് ബെംഗളൂരുവിലേക്ക് പോകാൻ മറ്റൊരു വിമാനം ഏർപ്പെടുത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. സമാനമായ എൻജിൻ തകരാറുകൾ നേരത്തെയും ചില എയർബസ് എ 320 നിയോ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles