പുണ്യഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത വിയോഗം; സൗദിയിൽ മലയാളി യുവാവ് മരണപെട്ടു

ദമ്മാം: ദമ്മാമിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ തീർത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെട്ട മലയാളി യുവാവ് യാത്രാമധ്യേ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീർ (38) ആണ് മക്കയിലേക്കുള്ള യാത്രയ്ക്കിടെ ദമ്മാം-റിയാദ് ഹൈവേയിലെ സലാസിനിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. ബസ് മാർഗമുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അസ്വസ്ഥത പ്രകടിപ്പിച്ച ഷമീറിന് ബസ്സിലുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. തുടർന്ന് അടിയന്തരമായി അബ്ഖൈഖിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് മാസം മുമ്പാണ് ഷമീർ ഡ്രൈവർ വിസയിൽ ദമ്മാമിൽ എത്തിയത്. രണ്ട് മാസം മുമ്പ് സന്ദർശക വിസയിൽ സൗദിയിലെത്തിയ ഭാര്യയെ ഉംറ കഴിഞ്ഞ് വരും ശനിയാഴ്ച ജിദ്ദ വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കാനിരിക്കുകയായിരുന്നു ഇദ്ദേഹം. ഉംറ നിർവ്വഹിച്ച ശേഷം ഭാര്യയെ യാത്രയാക്കി ദമ്മാമിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഷമീറിന്റെ രണ്ട് മക്കൾ നിലവിൽ നാട്ടിലാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയാണ്. മൃതദേഹം അൽ ഖോബാർ ഇസ്കാൻ മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നവോദയ പ്രവർത്തകരായ വസന്തകുമാർ, മാത്യുകുട്ടി എന്നിവരും കുടുംബവും സഹായ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles