കണ്ണൂർ: മുണ്ടേരിക്കടവിനു സമീപം കിണർ നിർമാണത്തിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരിമുക്ക് സ്വദേശി നൂഞ്ഞേരി കുറ്റ്യേരിക്കണ്ടി ഹൗസ് അബ്ദുൽ ഗഫൂർ (47), കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ മന്ദമ്പേത്ത് ഹൗസിൽ എം. രാജേഷ് (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മുണ്ടേരിക്കടവ് സതീശൻ റോഡിന് സമീപമുള്ള നൂഞ്ഞേരിയിലെ സാജിറിന്റെ വീട്ടിലായിരുന്നു അപകടം. 21 കോൽ ആഴമുള്ള കിണറ്റിൽ പണി നടക്കവെ, അർബാനയിൽ (സാധനങ്ങളും മറ്റും ഇറക്കാൻ ഉപയോഗിക്കുന്ന ഉപകരണം) താഴേക്ക് ഇറങ്ങുന്നതിനിടെ അർബാനയും കയറും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഹുക്ക് പൊട്ടുകയായിരുന്നു. ഇതോടെ അർബാനയിലുണ്ടായിരുന്ന ഇരുവരും നിയന്ത്രണം വിട്ട് കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാരും വിവരം ലഭിച്ചെത്തിയ കണ്ണൂർ അഗ്നിശമനസേനയും ചേർന്ന് അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനം നടത്തി. കിണറ്റിൽ നിന്നും ഇരുവരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.കെ. അഫ്‌സൽ, വൈശാഖ് കെ. ഗോപി, ആർ.പി. ഷായിവാസ്, എൻ.സി. അമൃതാനന്ദ്, ഹോംഗാർഡ് എൻ.വി. നാരായണൻ, പി.വി. മനോജ്, കെ.പി. നസീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മരിച്ച രാജേഷ് പരേതനായ സി. ബാലന്റെയും ശൈലജയുടെയും മകനാണ്. സജിതയാണ് ഭാര്യ. രഞ്ജിത്ത്, രാജീവൻ, രജ്മ എന്നിവർ സഹോദരങ്ങളാണ്. അബ്ദുൽ ഗഫൂർ നൂഞ്ഞേരി കുറ്റ്യേരിക്കണ്ടി ഹൗസിൽ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. സൽമത്താണ് ഭാര്യ. സഫ, സന, മുഹമ്മദ് എന്നിവർ മക്കളും റഷീദ് സഹോദരനുമാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



