ലക്‌നൗ: ലൈംഗികാരോപണ കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും. ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ സിങിന്റെ മകന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതിനെതിരെ പ്രതിഷേധവുമായി ഗുസ്തി താരം സാക്ഷി മാലിക്. ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു. പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിത്.’ രാമന്റെ പേരില്‍ വോട്ട് തേടുന്നവര്‍ രാമപാത പിന്തുടരേണ്ടേയെന്ന് സാക്ഷി ചോദിച്ചു.
ബ്രിജ് ഭൂഷന് ബി ജെ പി സീറ്റ് നിഷേധിച്ചുവെങ്കിലും പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. യു പിയിലെ കൈസര്‍ഗഞ്ചിലാണ് ഉത്തർ പ്രദേശ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ കരണ്‍ ഭൂഷണ്‍ സിങ്ങ് മത്സരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ രണ്ടു ലക്ഷം വോട്ടിന് വിജയിച്ചിടത്താണ് മകന്‍ മത്സരിക്കാനിറങ്ങുന്നത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കെ ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭ്രൂഷണ്‍ ഒഴിഞ്ഞത്.