അഹമ്മദാബാദ് : ഭയാനകമായ എയർ ഇന്ത്യ അപകടവുമായി പൊരുത്തപ്പെടാൻ രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾ പാടുപെടുമ്പോൾ ഉത്തരവാദിത്തമില്ലാത്ത വാർത്തകളും സന്ദേശങ്ങളൂം പടച്ചുവിട്ട് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നതിനെതിരെ കടുത്ത വിമർശനവുമായി അപകടത്തിൽ മരണമടഞ്ഞ യാത്രക്കാരിയുടെ ബന്ധു. 270 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പല ഓൺലൈൻ വാർത്തകളുടെയും ഉള്ളടക്കം തന്റെ കുടുംബത്തിനും ഇരകളുടെ കുടുംബങ്ങൾക്കും വലിയ മാനസിക ആഘാതം വരുത്തിയതായി അദ്ദേഹം പറഞ്ഞു.
ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം മരിച്ച കോമി വ്യാസിന്റെ ബന്ധു കുൽദീപ് ഭട്ട് ആണ് സോഷ്യൽ മീഡിയയിൽ ദുരന്തത്തെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്. ലൈക്കുകളും കമന്റുകളും നേടുന്നതിനായി ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വ്യാജ ചിത്രങ്ങളും വ്യാജ വീഡിയോകളും ഉപയോഗിച്ച് തെറ്റായ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച ഉള്ളടക്ക നിർമാതാക്കളെ അദ്ദേഹം അപലപിച്ചു.
“ഞങ്ങളുടെ കുടുംബവും മറ്റ് 270 പേരുടെ കുടുംബങ്ങളും മാനസിക ആഘാതത്തിലൂടെ കടന്നുപോകുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം,,” ഭട്ട് പറഞ്ഞു. “സാമൂഹിക മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ, ലൈക്കുകൾ ലഭിക്കുന്നതിനും ഫോളോവേഴ്‌സും വർദ്ധിപ്പിക്കാനും അപകട വീഡിയോകൾ ദുരുപയോഗം ചെയ്യുകയും കൃത്രിമ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.”
സ്വകാര്യ കുടുംബ ഫോട്ടോകളിൽ കൃത്രിമം കാണിച്ച പ്രത്യേക സംഭവങ്ങളെക്കുറിച്ച് ഭട്ട് എടുത്തുപറഞ്ഞു. “തന്റെ ബന്ധു ഞങ്ങളുടെ കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സെൽഫി ഫോട്ടോ വലിയ വൈറലായി. എന്നാൽ ഫോട്ടോയിൽ നിന്ന് ആളുകൾ വീഡിയോകൾ സൃഷ്ടിക്കുന്നുണ്ട്. അത്തരമൊരു വീഡിയോ ഇന്ത്യയിലുടനീളം വൈറലായിട്ടുണ്ട്. അത് നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. ഫോട്ടോ വ്യാജ വീഡിയോയാക്കി മാറ്റിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ബന്ധുവിന്റെ മകൾ മിറായയുമായി ബന്ധപ്പെട്ട മറ്റൊരു ദുഃഖകരമായ വ്യാജ വാർത്തയെ കുറിച്ചുംകുൽദീപ് ഭട്ട് പ്രതികരിച്ചു. ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്ന സുന്ദരിയായ മകൾ മിറായയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവളുടെ ശരീരം ദഹിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ ആളുകൾ അവകാശപ്പെടുന്നു. അവളുടെ ശവസംസ്കാരം നടന്നെന്ന് പറയുന്ന വീഡിയോകൾ പോലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഡിഎൻഎ സാമ്പിളിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമില്ല.
കോമിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയും ചിലർ കുടുംബത്തെ വേദനിപ്പിക്കുന്നു. അവളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന എല്ലാവരോടും ദയവായി നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ലൈക്കുകളും ഫോളോവേഴ്‌സും വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം നിങ്ങൾ എന്തിനാണ് ഞങ്ങൾക്ക് ഇത്രയധികം മാനസിക ആഘാതം നൽകുന്നത്?” ഭട്ട് പറഞ്ഞു.
സ്ഥിരീകരിച്ച വിവരങ്ങൾ നൽകാൻ അധികാരികളും കുടുംബവും തയ്യാറാണെന്നും ഭട്ട് അറിയിച്ചു. “എന്തെങ്കിലും വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഭരണകൂടവുമായി സംസാരിക്കുക. അവിടെ നിന്ന് നിങ്ങൾക്ക് ഔദ്യോഗിക വിവരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഫോട്ടോകളോ വീഡിയോകളോ ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ നൽകും. എന്നാൽ നിങ്ങളുടെ വിനോദത്തിനും നിങ്ങളുടെ പ്രശസ്തിക്കും വേണ്ടി ദയവായി വ്യാജ വാർത്തകൾ നൽകരുതെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ഓൺലൈൻ ചാനലുകൾ തയ്യാറാകണമെന്നും ഭട്ട് ഊന്നിപ്പറഞ്ഞു.