ടെഹ്‌റാൻ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ചു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെഇ. ഇസ്രയേലിനുള്ള ശിക്ഷ തുടരുമെന്ന് ഔദ്യോഗിക എക്‌സിലൂടെ അറിയിച്ചു. “സയണിസ്റ്റ് ശത്രു വലിയ തെറ്റ് ചെയ്‌തു, വലിയ കുറ്റം ചെയ്‌തു. അത് ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപെടുകയാണ്”. ഖാംനെഇ പറഞ്ഞു.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ കടുത്ത അക്രമങ്ങളാണ് ഇറാനിലും ഇസ്‌റയേലിലും നടക്കുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി ടെഹ്റാനിൽ വൻ സ്ഫോടങ്ങളാണ് കേൾക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. ടെഹ്‌റാൻറെ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്. ടെഹ്‌റാൻ, കെർമൻഷാ,ഹമേദാൻ എന്നിവിടങ്ങളിലേക്ക് 20 ഫൈറ്റർ ജെറ്റുകൾ ഇസ്രായേൽ അയച്ചിട്ടുണ്ട്.
ഇറാനിൽ ആംബുലൻസിന് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ രോഗിയും കൂട്ടിരിപ്പുകാരനും ആംബുലൻസ് ഡ്രൈവറും കൊല്ലപെട്ടു. ഡ്രോൺ അക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇറാൻ ഇരുപത്തിയൊന്നാം ഘട്ട ബാഴ്‌സിറ്റിക് മിസൈൽ ആക്രമണങ്ങൾ ഇസ്‌റയേലിൽ നടത്തി. ഇസ്രായേലിൻറെ വിവിധ ഭാഗങ്ങളിൽ ഇറാൻ നടത്തിയ ആക്രമങ്ങളിൽ 82 പേർക്കെങ്കിലും പരിക്ക് പറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.