തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്റ്റാർ കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‍തു. വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മലാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. കാവിക്കൊടിയേന്തിയ ഭാരതാംഭയുടെ ചിത്രം വെച്ചു സെനറ്റ് ഹാളിൽ നടത്തിയ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് സസ്പെൻഷൻ
ഗവർണറോട് അനാദരവ് കാണിച്ചെന്ന അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തിരാവസ്ഥയുടെ അമ്പതാണ്ട് എന്ന പേരിൽ ജൂൺ 25 ന് പത്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ നടത്തിയ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരുന്നു.
എസ്എഫ്ഐയും കെഎസ്‌യുവും പ്രതിഷേധവുമായി വന്നതോടെ രജിസ്റ്റാർ പരിപാടി റദ്ദാക്കിയെന്ന് കാണിച്ചു സംഘാടകർക്ക് ഇമെയിൽ അയച്ചു. അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി മത ചിഹ്നങ്ങൾ പരിപാടിയിൽ ഉപയോഗിച്ചുവെന്നാണ് രജിസ്റ്റാർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഇക്കാര്യത്തിൽ വൈസ് ചാൻസിലർ രജിസ്റ്റാറോട് വിശദീകരണം ചോദിച്ചിരുന്നു. ആദ്യം നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.