തിരുവനന്തപുരം: എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് എസ്എസ്എൽസി പരീക്ഷയുടെ വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (100ശതമാനം), ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (ആറ്റിങ്ങൽ–99 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല ഈ വർഷവും മലപ്പുറം തന്നെയാണ് 4964 പേർ. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
നാലോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.