മലപ്പുറം: മലപ്പുറം തിങ്കൾ വ്യവസായ പാർക്കിൽ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന ടോപ് സ്റ്റോറി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു തീപിടുത്തം. ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിനായുള്ള കോൾഡ് സ്‌റ്റോറേജിന്റെ അന്തിമ ഘട്ടത്തിലാണ് തീ പടർന്നത്. കോൾഡ് സ്റ്റോറേജ് നിർമ്മിക്കാനുപയോഗിക്കുന്ന പഫ് ഷീറ്റിൽ തീ പടരുകയായിരുന്നു.
ഉച്ചഭക്ഷണത്തിൻറെ സമയമായിരുന്നതിനാൽ ജോലിക്കാരാരും സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 1600 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള ഗോഡൗണിലെ സീലിംഗിലും മറ്റും സ്ഥാപിച്ച പഫ് ഷീറ്റുകൾ പൂർണമായും കത്തി നശിച്ചു. മലപ്പുറത്തുനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. നാല് മാസങ്ങൾക്ക് മുൻപാണ് ഗോഡൗൺ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. ഏകദേശം 30 ലക്ഷം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായി പ്രഥമിക വിലയിരുത്തൽ.