കൊച്ചി: ഗവര്‍ണര്‍ സ്വന്തം നിലയില്‍ സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി കോടതി റദ്ദാക്കി. പുതിയ നിയമനങ്ങള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ പൂർത്തിയക്കാനും ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്കി.
കേരള സര്‍വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്‍ഥി പ്രതിനിധികളെ ഗവർണർ നാമനിര്‍ദേശം ചെയ്ത നടപടി ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. രാഷ്ട്രീയം മാത്രം നോക്കിയാണ് ഗവര്‍ണറുടെ നാമനിര്ദേശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയിലാണ് ഗവർണരുടെ നടപടി റദ്ദാക്കി കോടതി ഉത്തരവ്.
അതാത് മേഖലയില്‍ പ്രാവീണ്യം നേടിയവരായാണ് സെനറ്റിലേക്ക് ശിപാര്‍ശ ചെയ്യേണ്ടതെന്നാണ് ചട്ടം. എന്നാല്‍ എബിവിപി പ്രവര്‍ത്തകരെന്ന മാനദണ്ഡം മാത്രം നോക്കിയാണ് ഗവര്‍ണര്‍ വിദ്യാര്‍ഥികളെ നാമനിർദ്ദേശം നല്‍കിയതെന്നായിരുന്നു ആക്ഷേപം.
വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച തങ്ങളെ ആരെയും ഗവര്‍ണര്‍ സെനറ്റിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു ഹര്ജിക്കാര്രുടെ ആരോപണം. ഗവർണർ എന്ന നിലയിൽ തനിക്ക് സ്വന്തമായി അംഗങ്ങളെ സെനെറ്റിലേക്ക് നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ഗവര്‍ണറുടെ വാദം.
വിശദമായ വാദം കേട്ട കോടതി, സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം റദ്ദാക്കുകയായിരുന്നു. ഹരജി നല്കിയവരുൾപ്പടെ അപേക്ഷിച്ചവരെ പരിഗണിച്ചുകൊണ്ടാകണം പുതിയ നിയമനമെന്നും കോടതി നിര്‍ദേശം നല്കി. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവക്കുകയും ചെയ്തു.