ന്യൂദൽഹി: പ്രതിപക്ഷ ബഹളത്തോടെ ലോക്സഭാ സമ്മേളനത്തിന് തുടക്കം. ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് ആദ്യദിനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിലെത്തിയത്. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ ഉൾപ്പടെ പ്രതിഷേധിച്ചായിരുന്നു നടപടി.
എന്നാൽ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനപോലും വിസ്മരിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു.
ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ വിട്ടുനിന്നു. ടി.ആര്.ബാലു, കൊടിക്കുന്നില്‍ സുരേഷ്, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയായിരുന്നു പ്രോടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രിക്ക് ശേഷം ഇവരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചെങ്കിലും ആരും പോയില്ല.