മലപ്പുറം: കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർത്ഥികൾ തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടായതിന് കാരണം സർക്കാർ വീഴ്ചയാണെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് നിയാസ് കുറ്റപ്പെടുത്തി. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അവസാന ഘട്ടത്തിൽ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും അത് യാഥാർത്ഥ്യത്തിൽ പ്രതിസന്ധിക്ക് പരിഹാരമായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ക്ലാസിൽ പോലും ഇരിക്കാൻ ഇടം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ നേരത്തെ തന്നെ അപേക്ഷകരായ വിദ്യാർത്ഥികളുടെ എണ്ണവും ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ ലഭ്യമായ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരുന്നുവെന്നും എന്നിരുന്നാലും പ്രതിസന്ധി പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നും എസ്.എസ്.എഫ് നേതാവ് വിമർശിച്ചു.
വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിവിധ ഘട്ടങ്ങളില്‍ രൂപീകരിക്കപ്പെട്ട കമ്മീഷനുകള്‍ പറയുന്നത് പ്രകാരം 40 വിദ്യാര്‍ത്ഥികളാണ് ഒരു ബാച്ചില്‍ ഉണ്ടാകേണ്ടത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 35 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകേണ്ടത്. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് 40 ആണ്. വിവിധ നിയമങ്ങള്‍ പ്രകാരവും ഈ നിലയിലാണ് വിദ്യാര്‍ത്ഥി അനുപാതം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സിബിഎസ് ഇ യുടെയും എന്‍ ഇ പി യുടെയും നിര്‍ദ്ദേശവും 40 സീറ്റ് എന്നതാണ്. എന്നാൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ സ്കൂളുകളിൽ 70 വരെ വിദ്യാർത്ഥികളെ ഒരു ക്ലാസ്സിൽ കുത്തിനിറക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
പ്രശ്നം പരിഹരിക്കാൻ സർക്കാർ രണ്ടംഗ ഉദ്യോഗസ്ഥ സമിതിയെ നിയമിച്ചിട്ടുണ്ടെങ്കിലും, മുൻ വർഷങ്ങളിലെ പോലെ ഈ സമിതിയും പ്രഹസനമാകരുത് എസ്.എസ്.എഫ് ആശങ്ക പ്രകടിപ്പിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിമാരായ സ്വാദിഖ് നിസാമി, കെ പി മുഹമ്മദ് അനസ്, ടി എം ശുഹൈബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.