25.2 C
Saudi Arabia
Friday, October 10, 2025
spot_img

ഷിരൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സന്നി ഹനുമന്ത ഗൗഡയുടേതെന്ന് സംശയം

ബെംഗളൂരു : ഷിരൂരിൽ  മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തെരച്ചിലിനിടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു നിന്നും  12 കിലോമീറ്റർ അകലെയാണ്  മൃതദേഹം കണ്ടത്. സംഭവം ഉത്തര കന്നഡ ജില്ലാ കലക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. ഇവരെ കാണാതായ വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ നദിയുടെ മറുകരയിൽ മാടങ്കേരി ഉൾവരെ എന്ന ഗ്രാമത്തിലായിരുന്നു സന്നി ഹനുമന്തയുടെ കുടുംബം താമസിച്ചിരുന്നത്. മണ്ണിടിച്ചിനിടയിൽ ഇരച്ചെത്തിയ നദിയിലെ വെള്ളത്തിൽ  വീടിനുള്ളിൽ പാചകം ചെയ്തുകൊണ്ടിരുന്ന ഇവർ ഒഴുകിപ്പോകുകയായിരുന്നു. ഒൻപത്  പേരാണ് അന്നത്തെ  ജലപ്രവാഹത്തിൽൻ കാണാതായത്. ഇതിൽ രണ്ട്  സ്ത്രീകളുടെ മൃതദേഹമാണ്  ലഭിച്ചത്. ഏഴ് പേരെ ഇനിയും ലഭിക്കാനുണ്ട്. സംഭവത്തിൽ ആറ് വീടുകൾ തകരുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവദിവസം ഗംഗാവലിപ്പുഴയിൽ വലിയ സ്ഫോടനവും ഭൂമികുലുക്കവും അനുഭവപ്പെട്ടിരുന്നെന്ന്  നാട്ടുകാർ പറയുന്നുണ്ട്. മണ്ണിടിച്ചിലിൽ ഹൈവേയിൽ നിന്നും പുഴയിലേക്കു വീണ രണ്ട് ടാങ്കർ ലോറികളിൽ ഒരെണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ പാചകവാതക ടാങ്കർ പൊട്ടിത്തെറിച്ചത് മൂലമാകാം സ്ഫോടനം നടന്നതെന്നാണ്‌ നിഗമനം.

Related Articles

- Advertisement -spot_img

Latest Articles