ബെംഗളുരു : നോർത്ത് കന്നഡ, ഷിരൂരിലെ മണ്ണിടിച്ചില്‍പ്പെട്ട മലയാളി അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്ന ഗംഗാവാലി പുഴയില്‍ നിന്നും സോണാര്‍ സിഗ്നലും ലഭിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്ന് തന്നെയാണ് ഇപ്പോൾ സോണാര്‍ സിഗ്‌നലും ലഭിച്ചിരിക്കുന്നത്. നാവികസേന നടത്തിയ തെരച്ചിലിലാണ് ഈ സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. സിഗ്നല്‍ നല്‍കുന്ന സൂചനയിൽ വലിയ ലോഹഭാഗത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ്. ഇത് അര്‍ജുന്റെ ലോറിയോ അല്ലെങ്കില്‍ തകര്‍ന്നു വീണ ടവറോ ആയിരിക്കാമെന്നാണ് നാവിക സേനയുടെ നിഗമനം.
നാവികസേന പുഴയിലെ മണ്‍കൂനയില്‍ നടത്തിയ പരിശോധനയിലാണ് ഈ സിഗ്‌നല്‍ ലഭിച്ചത്. ഈ സ്ഥലങ്ങളിൽ നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൌത്യത്തിൽ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം കൂടി നാളെ ഉപയോഗപ്പെടുത്തും. നേരത്തെ ആര്‍മിയിൽ സേവനം ചെയ്തിരുന്ന മേജര്‍ ജനറൽ എം ഇന്ദ്രബാൽ നാളെ ഷിരൂരിൽ ദൗത്യസേനയുടെ സഹായത്തിനെത്തും.
മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തെരച്ചില്‍ നേരത്തെ അവസാനിപ്പിച്ചു. ഇതിനിടെ നദി ഗതിമാറി ഒഴുകി അപകടത്തില്‍ മരിച്ച അങ്കോള ഒളവറൈ സ്വദേശി സണ്ണി ഗൗഡയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പുഴയില്‍ നടത്തിയ തെരച്ചിലിലും ഇന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.