ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസില്‍ റാഞ്ചി ഹൈക്കോടതി സോറന് ജാമ്യം നല്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീലാണ് സുപ്രീം കോടതിഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം നല്‍കിയത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും വിധിയില്‍ പിഴവുണ്ടെന്നുമാണ് ഇഡിയുടെ വാദം. പ്രഥമദൃഷ്ട്യാ ഹേമന്ത് സോറനെതിരേ കേസൊന്നുമില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ തെറ്റ് പറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ മാസം എട്ടിനാണ് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസില്‍ ജനുവരി 31ന് ആയിരുന്നു ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നാണ് ഇ ഡി സോറനെതിരെ ഉന്നയിച്ച കേസ്. ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സോറന് രാജി സമര്‍പ്പിച്ചിരുന്നു. ഹൈ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഹേമന്ത് സോറൻ അഞ്ച് മാസത്തിന് ശേഷം ജൂണ്‍ 28-ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി.