ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, കൂടാതെ നഗരങ്ങളിലെയും ഡോക്ടർമാർ കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മുഴുവൻ മെഡിക്കൽ സ്റ്റാഫിനും മതിയായ സുരക്ഷ നൽകണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
പശ്ചിമ ബംഗാൾ തലസ്ഥാനത്തെ സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ ഹാളിൽ വ്യാഴാഴ്ച രാത്രിയാണ് 32 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കാൽ, കഴുത്ത്, വലത് കൈ, മോതിര വിരൽ, ചുണ്ടുകൾ എന്നിവയിലും മുറിവുകളുണ്ടായിരുന്നു
സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും ഞായറാഴ്ച മെഡിക്കൽ സ്ഥാപനത്തിലെത്തി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.