ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമവും ദേശരക്ഷാ പ്രതിജ്ഞയും സംഘടിപ്പിച്ചു. റീജ്യണൽ പ്രസിഡൻറ് ഇ.കെ സലീമിൻറെ അദ്ധ്യക്ഷതയിൽ, ദമ്മാം ബദ്ർ അൽറാബി ആഡിറ്റോറിയത്തിൽ നടന്ന സംഗമം സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തഞ്ചാമത് ജൻമദിനമായ ഇത്തവണ അദ്ദേഹത്തിൻറെ ജൻമദിനത്തിന് ഒരു പ്രത്യേകതയുണ്ട്. മഹാത്മജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ അദ്ധ്യക്ഷനായത് 1924 ഡിസംബർ മാസം 26,27 തീയതികളിൽ നടന്ന ബെൽഗാം എ ഐ സി സി സമ്മേളനത്തിൽ വെച്ചാണ്. ഈ വർഷം ആ മഹത് സംഭവത്തിൻറെ നൂറാം വാർഷികമാണ്.
മഹാത്മാഗാന്ധിയുടെ ജീവിതവും ആദര്‍ശങ്ങളും നമ്മള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതും അവശ്യം ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഹിംസ ഒന്നിനും പരിഹാരമല്ല എന്ന് പഠിപ്പിച്ച മഹാത്മാവിൻറെ നാട്ടിൽ എന്തിനും ഏതിനും സഹജീവികളുടെ ജീവിതമൊടുക്കുക എന്ന ചിന്താഗതി വളർന്നുവരുന്ന അത്യന്തം അപകടകരമായ അവസ്ഥയാണിന്നുള്ളത് .
ഗാന്ധി ഒരു പാഠപുസ്തകമാണ്. ഒരു ജനതയെ മുഴുവൻ ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ചേർത്ത് നിർത്തിയ ഗാന്ധി, അഹിംസയും സഹാനുഭൂതിയുമാണ് നമുക്ക് പകർന്നുനൽകുന്ന ആശയങ്ങൾ. തിരുത്തലുകളിലൂടെ എന്നും സ്വയം നവീകരണത്തിന് തയ്യാറായ ഗാന്ധി എല്ലാ കാലഘട്ടത്തിലും ഒരു മാതൃകയാണ്. സ്വയം ഒരു പ്രത്യയശാസ്ത്രമായി മാറിയ മഹാത്മാവിന്റെ രക്തസാക്ഷിത്വം മത തീവ്രവാദത്തിനും അക്രമത്തോടുമുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായിരുന്നു. ചരിത്രങ്ങൾ മനഃപൂർവ്വം ദുർവ്യാഖ്യാനിച്ച് മാറ്റിയെഴുതുന്ന ഈ കാലഘട്ടത്തിൽ ഗാന്ധി സ്മൃതി അനിവാര്യതയാണ്.
ഇന്നിപ്പോൾ ഗാന്ധിജിയുടെ പ്രസക്തി വർദ്ധിക്കുമ്പോൾ പുതിയ തലമുറയ്ക്ക് എങ്ങനെ ഗാന്ധിജിയുടെ ചിന്തകൾ പകർന്നുനൽകണം എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അല്‍പ്പമെങ്കിലും സ്വാംശീകരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഭാരതത്തിൻറെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന അദ്ദേഹത്തിൻറെ വീക്ഷണത്തിലേയ്ക്ക് സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും, നാം പൂർണ്ണമായും എത്തിച്ചേർന്നിട്ടില്ല. ഗാന്ധിയൻ ദർശനങ്ങളുടെ സാക്ഷാത്കാരം സാധിതമാകണമെങ്കിൽ അത് യുവജനങ്ങളിൽ എത്തണം. പുതിയതലമുറ അത് ചർച്ചചെയ്യുകയും ഗ്രാമങ്ങളിൽ യാഥാർഥ്യമാക്കുകയും വേണം.
ചില രാഷ്ട്ര നേതാക്കളെ മോഷ്ടിച്ചതുപോലെ സംഘ്പരിവാറിന് ഗാന്ധിയെ മോഷ്ടിക്കാനാകാതെ പോകുന്നതിന്റെ പ്രധാന കാരണം ഗാന്ധി ഉയര്‍ത്തിയ ഹിന്ദു മുസ്‌ലിം മൈത്രി തന്നെയാണ്. ഗാന്ധി അവര്‍ക്ക് അനഭിമതനാകുന്നത് ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ചുള്ള ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ അവര്‍ക്ക് ബാധ്യതയാകുമെന്നതിനാലാണ്. ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും, കണ്ടെത്തലുകളെയും വിവിധ തലങ്ങളിൽ ഇന്നും ചർച്ചചെയ്യപ്പെടുകയും, ഗവേഷണവിധേയമാവുകയും ചെയ്യുന്നത്, സർവ്വകാലപ്രസക്തമായ ആ ആശയങ്ങളുടെ സമഗ്രത കൊണ്ടു കൂടിയാണ്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും വാക്കുകളും കാലാതിവര്‍ത്തിയാണെന്നും അവ ഉൾക്കൊണ്ട് പുതുതലമുറ മുന്നോട്ട് പോകണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
കെ പി സി സി നിർദ്ദേശപ്രകാരമുള്ള ദേശരക്ഷാ പ്രതിജ്ഞ, റീജ്യണൽ പ്രസിഡൻറ് ഇ കെ സലിം ചൊല്ലിക്കൊടുത്തത് സദസ്സ് ഒന്നടങ്കം ഏറ്റ് ചൊല്ലി. ഗ്ലോബൽ പ്രതിനിധി ജോൺ കോശി, നാഷണൽ പ്രതിനിധി റഫീഖ് കുട്ടിലങ്ങാടി, റീജ്യണൽ വൈസ് പ്രസിഡൻറുമാരായ ഷിജില ഹമീദ്, ഡോ:സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.