തിരുവനന്തപുരം: വാണിജ്യ വ്യവ്യവസായ വകുപ്പ് ഡയറക്ടറും മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‍സ് ആപ് ഗ്രൂപ് അഡ്മിനുമായ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഇത് സംബന്ധിച്ച് ഗോപാലകൃഷ്‌ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഗോപാലകൃഷ്‌ണന്റെ വിശദീകരണം തള്ളുന്നതായിരുന്നു പോലീസിന്റെ റിപ്പോർട്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഗോപാലകൃഷ്‌ണനെതിരെ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സർക്കാരിനോട് ശുപാർശ ചെയ്‌തു. സംഭവം വിവാദമായതിന് പിന്നാലെ തന്റെ ഫോൺ ഹാക് ചെയ്‌തെന്ന് ഗോപാലകൃഷ്‌ണൻ പോലീസിൽ പരാതി നൽകിയിരുന്നു.
ഗോപാലകൃഷ്‌ണന്റെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശാധനക്ക് നൽകിയിരുന്നെങ്കിലും രണ്ടു ഫോണുകളും ഫോർമാറ്റ് ചെയ്തതിനാൽ പ്രത്യേകിച്ചൊന്നും അതിൽ നിന്നും കണ്ടെത്താൻ കഴിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപലകൃഷ്‌ണൻ അഡ്മിനായി മുസ്‌ലിം ഗ്രൂപ് നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. സ്വന്തം നിലയിൽ ഗ്രൂപ് ഉണ്ടാക്കിയതായി തെളിഞ്ഞാൽ അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം കടുത്ത നടപടി ഗോപലകൃഷ്‌ണനെതിരെ ഉണ്ടാവാനിടയുണ്ട്.