കണ്ണൂര്‍: ‘കട്ടന്‍ ചായയും പരിപ്പുവടയും’ തന്റെ ആത്മകഥയല്ലെന്നും തന്റെ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഇപ്പോള്‍ പുറത്തുവന്ന ഒരു കാര്യവും താന്‍ എഴുതിയതല്ലെന്നും ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാര്‍ത്തയാണ് താന്‍ കാണുന്നതെന്നും അതിനു താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങളെന്നും പുറത്തു വന്നവയെല്ലാം പൂര്‍ണമായും വ്യാജമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ നീക്കമാണിതെന്നും ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂരില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇ.പി.ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു