കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജിയിൽ കോടതി വിധി ഇന്ന്. കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുക.
കേസിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യ, വിവാദ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജില്ലാ കലക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പിന് വേണ്ടി അപേക്ഷ നൽകിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോൺ കാൾ, ടവർ, ലൊകേഷൻ തുടങ്ങിയ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹരജി നൽകിയത്.
ജില്ലാ, കലക്ടറേറ്റ് ഓഫീസുകൾ, നവീൻ ബാബു താമസിച്ച സ്ഥലം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം ആവശ്യമായ തെളിവുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ മറുപടി.