റിയാദ്: ദക്ഷിണാഫ്രിക്കൻ ഇന്റർനാഷണൽ 2024 വനിതാ സിംഗിൾസ് അണ്ടർ 19 മത്സരത്തിൽ മലയാളി താരം ഖദീജ നിസക്ക് സ്വർണ്ണം. സൗദി അറേബ്യയെ പ്രതിനിധീകരിച്ചാണ് ഖദീജ നിസ മത്സരത്തിൽ പങ്കെടുത്തത്. സൗദിക്ക് വേണ്ടി ഖദീജ നിസ – യാസീൻ സഖ്യം വെള്ളി മെഡലും നേടി.
നവംബർ 27 മുതൽ ഡിസംബർ നാലു വരെ കേപ് ടൗണിൽ നടന്ന ഇന്റർ സീനിയർ ആൻഡ് ജൂനിയർ ബാഡ്‌മിന്റൺ ടൂർണമെന്റിലാണ് ഖദീജ നിസ നേട്ടം കൊയ്തത്. നേരത്തെ സീനിയർ വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു.
വനിതാ സിംഗിൾസ് അണ്ടർ 19 ഫൈനൽ മത്സരത്തിൽ മൗറീഷ് താരം എൽസാ ഹൗ ഹോങ്ങിനെ 21 -16, 21-15, നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ഖദീജ നിസ സ്വർണ്ണം നേടിയത്. സൗദി ദേശീയ ഗെയിംസിൽ ഹാട്രിക് സ്വർണ്ണ മെഡൽ ജേതാവായ ഖദീജ നിസ അന്താരാഷ്ട്ര തലത്തിൽ സൗദിയെ പ്രതിനിധീകരിക്കുന്ന താരമാണ്.
ലോക റാങ്കിങ്ങിൽ ഒന്നാം നിലയിലുള്ള ഖദീജ നിസ റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൽ ലത്തീഫ് കോട്ടൂരിന്റെ മൂന്നാമത്തെ മകളാണ്. ഷാനിദയാണ് മാതാവ്. റിയാദിൽ ജനിച്ചു ഇവിടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഖദീജ ഉപരിപഠനം പൂർത്തിയാക്കി വരികയാണ്.