കോഴിക്കോട്: സ്ത്രീകൾ പുരുഷന്മാരോട് ചേർന്ന് വ്യായാമത്തിൽ ഏർപ്പെടേണ്ടതില്ല, ആവശ്യമെങ്കിൽ തനിച്ചു നടത്താമെന്ന കാന്തപുരം നേതൃത്വം നൽകുന്ന സമസ്തയുടെ തീരുമാനമാണ് സ്ത്രീ ചർച്ച പൊതുരംഗത്ത് വീണ്ടും സജീവമായത്. ഇത് സംബന്ധിച്ച് കാന്തപുരത്തിന്റെ നിലപാടുകൾ നേരത്തെയും ചർച്ചയായിട്ടുണ്ട്. കാന്തപുരവുമായി ബദ്ധപ്പെട്ട വാർത്തകൾക്ക് ലഭിക്കുന്ന റീച് തന്നെയാണ് മാധ്യമങ്ങളെ ഈ വഴിയിലേക്ക് ചിന്തിപ്പിയ്ക്കാൻ കാരണവും. പ്രസവിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂവെന്ന കാന്തപുരത്തിന്റെ പ്രസ്താവനയും ചെറിയ മാറ്റങ്ങൾ വരുത്തി സ്ത്രീകൾക്ക് മാത്രമേ പ്രസവിക്കാൻ കഴിയൂ എന്ന രീതിയിൽ വലിയ ചർച്ച നടന്നിരുന്നു.
കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ സിപിഐഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നടത്തിയ വിമർശനമാണ് ചർച്ച കൂടുതൽ തലങ്ങളിലേക്കെത്തിയത്. ഒരു മതസംഘടന അവരുടെ അനുയായികൾക്ക് നൽകിയ നിർദ്ദേശത്തിൽ, ഇതുമായി ബന്ധമില്ലാത്ത കക്ഷി അഭിപ്രായം പറയുന്നതിന്റെ ഔചിത്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. ആക്ടിവിസ്റ്റും കാന്തപുരം വിഭാഗത്തിൻറെ യുവജന നേതാവുമായ മുഹമ്മദലി കിനാലൂർ സിപിഎമ്മിൻറെ സ്ത്രീ പക്ഷവാദത്തിന്റെ പൊള്ളത്തരങ്ങൾ കണക്കുകൾ ഉദ്ധരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിയിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാട് ആണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് ഇന്ന് പ്രസംഗിച്ചത്. അത്തരം ശാഠ്യങ്ങൾ പുലർത്തുന്നവർക്ക് പിടിച്ചുനിൽക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സിപിഎം എന്ന പാർട്ടിയുടെ നിലപാടാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ട്. അത് പറയാനിടയായ സാഹചര്യം എന്താണ് എന്നും മനസ്സിലായി. ഈ പ്രസ്‌താവന കേട്ടപ്പോൾ ഞാൻ ആലോചിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ആകെ അംഗങ്ങളിൽ പകുതിയോളം വരുന്ന സ്ത്രീകൾക്ക് അർഹമായ പരിഗണന പാർട്ടി പദവികളിൽ നൽകുന്നുണ്ടോ എന്നാണ്. എം വി ഗോവിന്ദൻ മാഷിന്റെ ജില്ലയായ കണ്ണൂരിൽ സിപിഎമ്മിന് ആകെ 18 ഏരിയാ കമ്മിറ്റികളുണ്ട്. പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഘടകങ്ങൾ പുനഃസംഘടിപ്പിക്കുന്ന സമയമാണിത്. കണ്ണൂരിലെ 18 ഏരിയ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചപ്പോൾ ഒരൊറ്റ ഏരിയാ കമ്മിറ്റിയിലും സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിച്ചിട്ടില്ല. 18 ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ 236 ലോക്കൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
മയ്യിൽ ഏരിയ -13
പെരിങ്ങോം ഏരിയ -14
തളിപ്പറമ്പ് ഏരിയ -15
കണ്ണൂർ ഏരിയ -14
പയ്യന്നൂർ ഏരിയ -12
തലശ്ശേരി ഏരിയ -13 എരഞ്ഞോളി 1
എടക്കാട് ഏരിയ -10
കൂത്തുപറമ്പ് ഏരിയ -16
അഞ്ചരക്കണ്ടി ഏരിയ -14
പാപ്പിനിശ്ശേരി ഏരിയ -10
പാനൂർ ഏരിയ -16
ശ്രീകണ്ഠാപുരം ഏരിയ -15 കല്യാട് 1
മട്ടന്നൂർ ഏരിയ -13
ആലക്കോട് ഏരിയ -12
മാടായി ഏരിയ -12
ഇരിട്ടി ഏരിയ -14
പിണറായി ഏരിയ -12
പേരാവൂർ ഏരിയ -11
ഏറ്റവും കൂടുതൽ ലോക്കൽ കമ്മിറ്റികൾ ഉള്ളത് പാനൂർ, കൂത്തുപറമ്പ് ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ്. ഗോവിന്ദൻ മാഷ് എം എൽ എ ആയിരിക്കുന്ന തളിപ്പറമ്പിൽ 15 ഉം മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പിണറായിയിൽ 12 ഉം ലോക്കൽ കമ്മിറ്റികൾ ഉണ്ട്. പറഞ്ഞിട്ടെന്താണ്, അവിടെയൊന്നും ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പറ്റിയ ഒരു വനിതയെ കിട്ടിയിട്ടില്ല! 236 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ സ്ത്രീ പ്രാതിനിധ്യം 2. തലശ്ശേരി ഏരിയയിലെ എരഞ്ഞോളി ലോക്കൽ കമ്മിറ്റിയിലും ശ്രീകണ്ഠാപുരം ഏരിയയിൽ കല്യാട് ലോക്കലിലുമൊതുങ്ങി സ്ത്രീ പ്രാതിനിധ്യം. ഇത് കണ്ണൂർ ജില്ലയിലെ മാത്രം കാര്യമാണ്. കേരളത്തിലാകെയും പരിശോധിച്ചാൽ പാർട്ടിയിലെ സ്ത്രീ പരിഗണനയൊക്കെ ഏട്ടിലെ പശു ആണെന്ന് മനസിലാകും. ഇന്നോളമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ചരിത്രത്തിൽ ജില്ലാ സെക്രട്ടറിമാരായി എത്ര വനിതകളുണ്ടായിട്ടുണ്ട്? ഇപ്പോൾ എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ട്? സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് അടുപ്പിച്ചിട്ടുണ്ടോ ഒരു വനിതാ നേതാവിനെ ഇന്നോളം? സമ്മേളനത്തിലിരിക്കാനും മതിൽ കെട്ടാനും സ്ത്രീകൾ വേണം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് പോലും അവരെ പരിഗണിക്കില്ല. അന്നേരം പൊതുരംഗത്തുള്ള ഒരു സ്ത്രീയെയും ഓർമ വരില്ല. ഒരു മതപണ്ഡിതൻ വിശ്വാസികളോട് മതപരമായ ഒരു നിയമം പറഞ്ഞാൽ അതിനെ പിന്തിരിപ്പനായും മൂരാച്ചിത്തരമായും ചാപ്പയടിക്കുന്നതിനു മാത്രം ഒരു കുറവുമില്ല!