റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചന വിഷയത്തിൽ ഇന്നും തീരുമാനമായില്ല. റഹീമിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യ ഹരജിയും കോടതി പരിഗണനക്കെടുത്തില്ല. പത്താം തവണയാണ് റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി മാറ്റിവെക്കുന്നത്. അബ്ദുറഹീമും എംബസി പ്രതിനിധിയും പ്രതിഭാഗം അഭിഭാഷകനും കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂരും രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ എത്തിയിരുന്നു.
മാർച്ച് മൂന്നിന് നടന്ന അവസാന സിറ്റിങ്ങിൽ റിയാദ് ഗവർണറോട് കേസിന്റെ ഒറിജിനൽ ഫയൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അന്തിമ തീരുമാനത്തിന്റെ മുൻപുള്ള സൂക്ഷ്മ പരിശോധനക്കായിരുന്നു ഫയൽ ആവശ്യപ്പെട്ടത്.
സൗദി ബാലന്റെ കുടുംബം ദയാധനം സ്വീകരിച്ചു മാപ്പ് നൽകിയതോടെ കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തത് കാരണമായിരുന്നു ജയിൽ മോചനം അനിശ്ചിതമായി നീണ്ടുപോയത്. ഈ കേസിൽ ശിക്ഷ വിധിച്ചാൽ പോലും അതിനേക്കാളേറെ സമയം ജയിലിൽ കഴിഞ്ഞതിനാൽ മോചനം നൽകാനാണ് സാധ്യത. 18 വർഷത്തെ ജയിൽ ജീവിതം പൂർത്തിയാക്കിയ അബ്ദുറഹീം റിയാദിലെ ഇക്‌സാൻ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
സൗദി ബാലനെ കൊലപ്പെടുത്തിയെന്ന കേസിൽ അബ്ദുറഹീം അറസ്റ്റ് ചെയ്യപ്പെടുന്നത് 2006 ലാണ്. ഹൗസ് ഡ്രൈവറുടെ വിസയിലെത്തി മൂന്നാം മാസമാണ് റഹീം അഴിക്കുള്ളിലാവുന്നത്. നിരവധി വ്യവഹാരങ്ങൾക്ക് ശേഷമാണ് സൗദി ബാലന്റെ കുടുംബം ദിയാധനം സ്വീകരിക്കാനും മാപ്പുനൽകാനും തയ്യാറായത്. സുമനസ്സുകളുടെ സഹായത്തോടെ 34 കോടിയിലേറെ രൂപയാണ് ദിയാധനത്തിന് വേണ്ടി റഹീം സഹായ സമിതി സ്വരൂപിച്ചതും കുടുംബത്തിനും വാദിഭാഗം അഭിഭാഷകനും നൽകിയത്.
കേസിന്റെ തുടർ നടപടികളെ കുറിച്ച് അഭിഭാഷകരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് നിയം സഹായ സമിതി അറിയിച്ചു.