ഫ്‌ളോറിഡ: ചരിത്രമെഴുതി സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് ഇരുവരും സുരക്ഷിതമായി ഇന്ന് പുലർച്ചെ 3.25 ന് തിരിച്ചെത്തിയത്. 17 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഫ്‌ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഇവർ സഞ്ചരിച്ച സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ-9 പേടകം ഇറങ്ങിയത്.
സുനിത വില്യംസിന് പുറമെ ബുച്ച് വിൽമോറും നാസയുടെ നിക് ഹേഗും റഷ്യൻ ബഹിരാകാശ ഏജന്സിയായ റോസ്കോസ്മോസിന്റെ അലക്‌സാണ്ടർ ഗോർബിനോവും സംഘത്തിലുണ്ടായിരുന്നു. എട്ട് ദിവസത്തെ പരീക്ഷണ യാത്രക്ക് പുറപ്പെട്ട സംഘത്തിന് ഒൻപത് മാസം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടി വന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച റെക്കോർഡും സുനിത വില്യംസും ബുച്ച് വിൽമോറും കരസ്ഥമാക്കി.
ഇന്ത്യൻ സമയം പുലർച്ചെ 2.41 ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയിലൂടെ വേഗത കുറച്ചു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി പേടകം കടലിൽ പതിച്ചു. ക്രയിൻ ഉപയോഗിച്ച് റിക്കവറി ടീം പേടകം കപ്പലിലേക്ക് മാറ്റി. പേടകത്തിൽ നിന്നും ഓരോ യാത്രികരെയും പുറത്തെത്തിച്ചു ഹെലികോപ്റ്ററിൽ നാസ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി.
നാല് ബഹിരാകാശ യാത്രക്കാരുമായി ശനിയാഴ്‌ച ബഹിരാകാശത്തേക്ക് പോയ സ്പേസ്എക്സ് ഡ്രാഗൺ ക്രൂ-10 പേടകം ഞായറാഴ്‌ച രാവിലെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. നാസയുടെ ആൻ മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ തകൂയ ഒനിഷി, റോസ്കോസ്മോസിന്റെ കിരിൽ പെസ്കോവ് എന്നിവരാണ് പുതിയ യാത്രികർ. തുടർന്ന് സുനിത അടക്കം നിലവിലെ സംഘം രണ്ട് ദിവസം ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങൾ പരിചയപ്പെടുത്തിയ ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.
2024 ജൂൺ അഞ്ചിന് ബഹിരാകാശ നിലയിത്തിലെത്തിയ സുന്നത് വില്യംസും സുനിതയും ബുച്ച് വിൽമോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവായിച്ചതിനെ തുടർന്നാണ് അവരുടെ മടക്ക യാത്ര വൈകിയത്. ഹീലിയം ചോർച്ചയും ഭൂമിയിൽ പ്രവേശിക്കുമ്പോഴുള്ള വേഗം കുറക്കുന്നതിനുള്ള തകരാറുമായിരുന്നു പ്രശ്‌നം.