റിയാദ്: വെടിനിർത്തൽ കരാർ ലംഘിച്ചു ഇസ്രായേൽ സേന കഴിഞ്ഞ ദിവസം ഗസ്സയിൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായിഅപലപിച്ചു.
ആക്രമണത്തിൽ 240 ലേറെ ആളുകൾ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചു കൊണ്ട് സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു ഇസ്രായേൽ ആക്രമണം.
വിശുദ്ധ റമളാൻ മാസത്തിൽ ഇസ്രായേൽ നടത്തിയ ക്രൂരതക്ക് അന്താരാഷ്ട്ര സമൂഹം അടിയന്തിര നടപടി സ്വീകരിക്കണമെന്നും മാനുഷിക ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
ഫലസ്‌തീൻ ജനതക്കൊപ്പം രാജ്യം നിൽക്കുമെന്നും രാജ്യത്തിൻറെ പിന്തുണ ഫലസ്‌തീന് ഉണ്ടാവുമെന്നും ആക്രമണത്തെ അപലപിച്ചു പുറത്തിറക്കിയ പ്രസ്‌താവനയിൽ സൗദി വിദേശ മന്ത്രാലയം വിശദീകരിച്ചു. ദീർഘകാലമായി തുടരുന്ന ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആവശ്യമായ സഹായം നൽകാനും സൗദി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.