മനാമ: റിയാദിൽ നടക്കുന്ന ഗൾഫ് സിനിമാ ഫെസ്റ്റിവലിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും (BACA). ഗൾഫ് സിനിമാ ഫെസ്റ്റിവലിന്റെ നാലാം എഡിഷനാണ് റിയാദിൽ നടക്കുന്നത്. ബഹ്റൈനി സംവിധായകൻ ഹുസൈൻ അൽ റിഫായിയെ മേളയിൽ ആദരിച്ചു.
രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രമുഖ ചലച്ചിത്ര സംവിധായകനാണ് അൽ റിഫായി. ബൈറൂത്തിലെ അറബ് തിയറ്റർ ട്രെയിനിങ് സെന്റർ അടക്കം അറബ് കലാ-സിനിമാ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് അദ്ദേഹം മികച്ച സംഭാവന നൽകി. നിരവധി അന്താരാഷ്ട്ര ആർട്ട് ഫോറങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര അവാർഡുകൾ നേടിയ നിരവധി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്.
സൗദി ഫിലിം കമീഷനും ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ (ജി.സി.സി) ജനറൽ സെക്രട്ടേറിയറ്റും സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവൽ ഇന്ന് അവസാനിക്കും. ദി സീ ബ്രൈഡ്, ക്ലോസ് ദ ഡോർ, സൗണ്ട് ഓഫ് ഫെതേഴ്സ്, മെയ് വാർഡ് അടക്കം ബഹ്റൈനി സിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.