കൊൽക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കൊൽക്കത്തയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങളിൽ തന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി നിയമനടപടിക്ക്. സ്പോർട്സ് പ്രൊമോട്ടറായ ശതാദ്രു ദത്തയ്ക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഗാംഗുലി ഫയൽ ചെയ്തത്.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗാംഗുലിയുടെ പേര് വലിച്ചിഴച്ചെന്നും ഇത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. അലിപൂർ കോടതിയിലാണ് ഗാംഗുലി ഹർജി നൽകിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചതെന്ന് വ്യക്തമാക്കിയ ഗാംഗുലി, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കൊൽക്കത്തയിൽ മെസ്സിയെ എത്തിക്കുമെന്ന് നേരത്തെ ശതാദ്രു ദത്ത പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും മറ്റും ഗാംഗുലിയുടെ പേര് പരാമർശിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.



