ഗസ്സാ മുനന്പ് | ഗസ്സയുടെ തെക്കേ അറ്റത്തുള്ള വീടിനു നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് റഫ നഗരത്തിന്റെ പടിഞ്ഞാറ് ടെൽ സുൽത്താൻ പരിസരത്തുള്ള പാർപ്പിട സമുച്ചയത്തിൽ മിസൈൽ പതിച്ചത്. ആറ് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും പുരുഷൻമാരുടെയും മൃതദേഹങ്ങൾ റഫയിലെ അബു യൂസുഫ് അൽ-നജ്ജാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. മാനുഷിക മൂല്യങ്ങളും ധാർമികതയും ഇല്ലാത്ത ഒരു ലോകമാണിതെന്ന് അസ്സോസിയേറ്റഡ് പ്രസ്സിനോട് കൊല്ലപ്പെട്ടയാളുടെ ഭാര്യാ സഹോദരൻ അഹമ്മദ് ബർഹൂം പറഞ്ഞു. ഗസ്സയിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന അഭയാർഥികളാണ് ഈജിപ്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റഫയിൽ അഭയം പ്രാപിച്ചെത്തിയത്. സഖ്യകക്ഷിയായ യു എസ് ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം റഫ ആക്രമണത്തിൽ സംയമനം പാലിക്കണമെന്ന് ഇസ്റാഈലിനോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ആക്രമണം. ഹമാസ് പോരാളികളിൽ പലരും റഫ ഒളിയിടമാക്കിയതായാണ് അക്രമത്തിന് പ്രേരണയായതെന്ന് ഇസ്റാഈൽ പറഞ്ഞു