ബ്രസൽസ്: അറബ് രാജ്യങ്ങളുടെയും ഫലസ്തീൻ അതോറിറ്റിയെ അനുകൂലിക്കുന്നവരുടെയും മന്ത്രി തല യോഗം ബ്രസൽസിൽ നടന്നു. യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ പങ്കെടുത്തു. ഗാസ മുനമ്പിലെ സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം മനുഷ്യ ജീവൻ നിലനിർത്താൻ അടിയന്തിരമായി ദുരിതശ്വാസ സഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും വെടിനിർത്തൽ കരാർ പ്രവർത്തികമാക്കാൻ സമ്മർദ്ദങ്ങൾ ചെലുത്താനും തീരുമാനിച്ചു.
ലോകബാങ്ക്, ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) എന്നിവരുമായി സഹകരിച്ചു നടപ്പിലാക്കുന്ന പരിഷ്കരണ പദ്ധതി ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് മുസ്തഫ അവതരിപ്പിച്ചു. പലസ്തീന്റെ മോശമായ സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തി.
ഫലസ്തീന്റെ നവീകരണ പദ്ധതിയെ സ്വാഗതം ചെയ്ത സൗദി വിദേശകാര്യ മന്ത്രി, ഫലസ്തീൻ സർക്കാരിനുള്ള രാജ്യത്തിൻ്റെ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേൽ ഏർപ്പെടുത്തിയതുൾപ്പെടെയുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യേണ്ടതന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ഫലസ്തീൻ ഫണ്ട് പിടിച്ചെടുക്കൽ നിർത്തിവെക്കാനും ഫലസ്തീൻ സർക്കാരിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീനിലെ ജനങ്ങൾക്ക് അത്യാവശ്യമായ സഹായം ഉറപ്പാക്കാൻ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത ഫൈസൽ രാജകുമാരൻ ഊന്നിപ്പറഞ്ഞു.
യൂറോപ്യൻ യൂണിയനിലെ സൗദി അംബാസഡർ ഹൈഫ അൽ-ജെദിയ, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് കൗൺസിലർ ഡോ. മനൽ റദ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.