കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി നിരീക്ഷണവും വിധിയും ദുരൂഹവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്. മുനമ്പം വഖഫ് ഭൂമിയല്ല, വഖഫ് ഉദ്ദേശത്തിലല്ല ഭൂമി കൈമാറിയത്, ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് വഖഫ് ബോർഡ് നടത്തിയത്, ഫാറൂഖ് കോളേജിന് സമ്മാനമായി ലഭിച്ച ഈ ഭൂമി വിൽക്കുന്നതിൽ തെറ്റില്ല, തുടങ്ങിയ നിരീക്ഷണങ്ങൾ വിഷയത്തെ കൂടുതൽ ആശയകുഴപ്പത്തിലേക്ക് തള്ളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ജുഡീഷ്യൽ അന്വേഷണ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ അപ്രതീക്ഷവും അനാവശ്യവുമായ ഇടപെടൽ. മുൻകാല കോടതി വിധികളും രേഖകളും പരിശോധിക്കാതെയാണ് വിധി.
എന്നാൽ 2019 ലെ വഖഫ് ബോർഡ് വിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഭൂമിയിലൂടെ ആധികാരികത പരിശോധിക്കണമെന്ന് ആരും ആവശ്യപ്പെടാതെ തന്നെ വഖഫ് അല്ലെന്ന് തീർപ്പ് കൽപിക്കുന്ന കോടതിക്ക് വിഷയത്തിൽ അമിത താൽപര്യമുണ്ടോ എന്ന് പരിശോധിക്കണം.
പ്രസ്തുത ഭൂമി ദൈവ നാമത്തിൽ വഖഫ് ചെയ്യുന്നുവെന്ന ആധികാരിക രേഖകൾ കോടതി പരിഗണിക്കാത്തതും ദിവസങ്ങൾക്ക് ശേഷം ലഭിക്കാറുള്ള വിധിപ്പകർപ്പ് മണിക്കൂറുകൾക്കകം മാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടതും സംശയങ്ങൾ ഉയർത്തുന്നുണ്ട്. വഖഫ് സംവിധാനത്തെ തകർക്കാനും സ്വത്തുക്കൾ കൈയടക്കാനും ആസൂത്രിതമായ ശ്രമങ്ങൾ രാജ്യമാകെ നടക്കുമ്പോൾ ഇത്തരം നീക്കങ്ങൾ കടുത്ത ആശങ്ക ഉയർത്തുന്നുവെന്നും എൻകെ അബ്ദുൽഅസീസ് പ്രസ്താവനയിൽ പറഞ്ഞു.



