മലപ്പുറം: പ്ലസ് വണ്‍ പ്രവേശത്തിനുള്ള മൂന്നാമത് അലോട്ട്‌മെന്റും വന്നപ്പോള്‍ മലപ്പുറത്ത് സീറ്റ് ലഭിച്ചത് ജില്ലയില്‍നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി ജയിച്ചവരുടെ 62.75 ശതമാനം പേര്‍ക്കുമാത്രം. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞതോതില്‍ പ്രവേശനം ലഭിക്കുന്ന ജില്ലയാണ് മലപ്പുറം. തൊട്ടുമുകളിലുള്ള ജില്ല ഇടുക്കിയാണ്, 64.94 ശതമാനം. പാലക്കാട്ട് 68.48 % പേര്‍ക്കാണ് പ്രവേശം. പത്തനംതിട്ടയില്‍ 92.04 ശതമാനം കുട്ടികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം 70 ശതമാനത്തിനു മുകളില്‍ പ്രവേശം ലഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് ഈ വര്‍ഷം 79730 കുട്ടികളാണ് എസ് എസ് എല്‍ സി ജയിച്ചത്. 82446 പേരാണ് ഇവിടെ പ്ലസ് വണ്‍ സീറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. വര്‍ധിപ്പിച്ചതുള്‍പെടെ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ 50080. മറ്റു കോഴ്‌സുകളില്‍ 4800 ഉള്‍പെടെ 54880 സീറ്റുകളാണ് എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിനുള്ളത്. 50036 പേര്‍ക്ക് ഇതിനകം പ്ലസ് വണ്‍ അലോട്ട്‌മെന്റ് നല്‍കിയപ്പോള്‍ ഇനിയും കാത്തിരിക്കുന്നത് 29694 കുട്ടികള്‍. സംസ്ഥാനത്ത് കൂടുതല്‍ കുട്ടികള്‍ കാത്തിരിക്കുന്ന മറ്റു രണ്ടു ജില്ലകള്‍ പാലക്കാടും കോഴിക്കോടുമാണ്. ഇവിടെ യഥാക്രമം 12459, 12332. മറ്റു ജില്ലകളിലെല്ലാം പതിനായിരത്തില്‍ താഴെയാണ് കാത്തിരിക്കുന്നവര്‍.
എസ് എസ് എല്‍ സിക്കു ശേഷമുള്ള പഠനത്തിന് ജില്ലകളില്‍ ലഭ്യമാക്കിയ ആകെ സീറ്റുകളില്‍ തന്നെ മലപ്പുറം ജില്ല വലിയ വിവേചനം നേരിടുന്നുണ്ട്. പരീക്ഷ ജയിച്ചവരുടെ 66.56 ശതമാനം സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍ ലഭ്യം. കോഴിക്കോട് 77.08, പാലക്കാട് 70.81 ശതമാനം വീതമുണ്ട്. തിരുവനന്തപുരത്ത് 104.33 ശതമാനമാണ് സീറ്റുകള്‍. കൊല്ലം 98.73, പത്തനംതിട്ട 97.24, ആലപ്പുഴ 84.65, കോട്ടയം 83.92, ഇടുക്കി 81.14, എറണാകുളം 78.60, തൃശൂര്‍ 81.64 ശതമാനം വീതം സീറ്റുകളുണ്ട്. വയനാട്ടില്‍ 89.03, കണ്ണൂരില്‍ 87.10, കാസര്‍കോട് 92.35 ശതമാനം സീറ്റുകളുമുണ്ട്.
അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റുകള്‍ ലഭ്യമാക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞുവെങ്കിലും അപേക്ഷിച്ചവരുടെയും ലഭ്യമായ സീറ്റുകളുടെയും എണ്ണം തമ്മില്‍ ഒരുനിലക്കും പൊരുത്തമില്ല. അണ്‍എയ്ഡഡ് സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് സീറ്റുകളും ചേര്‍ത്താലും മലപ്പുറത്ത് സീറ്റുകള്‍ കുറവാണ്.
സീറ്റുകള്‍ അത്യാവശ്യമുള്ള ജില്ലകളില്‍പോലും സൗകര്യപ്രദമായ സ്‌കൂളുകളില്‍ പോയി പഠിക്കാന്‍ കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാറില്ല. പ്ലസ് വണ്‍ പ്രവേശം പൂര്‍ത്തിയാകുമ്‌പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാറുള്ള ജില്ലകളില്‍പോലും സീറ്റ് കിട്ടാതെ സ്വകാര്യസ്ഥാപനങ്ങളില്‍ പഠിക്കേണ്ട സ്ഥിതിയുണ്ടാകാറുണ്ട്. നിത്യവും പോയി വരാവുന്നവിധം അകലത്തിലുള്ള സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാത്തതാണ് കാരണം. അതുകൊണ്ടുതന്നെ ജില്ലാ അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനവും കണക്കുകൂട്ടലും ഈ പ്രശ്തനത്തിനു പരിഹാരമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലെങ്കിലും പ്രവേശം ലഭിക്കാവുന്നവിധമാണ് സീറ്റുകള്‍ ലഭ്യമാക്കേണ്ടതെന്നാണ് അഭിപ്രായങ്ങളുയരുന്നത്. സീറ്റ് പ്രശ്‌നം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നതിനെത്തുടര്‍ന്ന് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മലപ്പുറത്ത് പഠിക്കുന്നവര്‍ക്ക് ഫലത്തില്‍ ഇതും പ്രതിസന്ധിയാണ്. മറ്റു ജില്ലകളില്‍ 45 കുട്ടികള്‍ വരെ ഒരു ക്ലാസില്‍ ഇരുന്ന് പഠിക്കുമ്പോള്‍ മലപ്പുറത്ത് ഇത് 65, 70 തോതിലാണ്. വിമര്‍ശങ്ങളോട് നിഷേധാത്മക സമീപനം പുലര്‍ത്തുകയും മലപ്പുറത്ത് സീറ്റ് പ്രശ്‌നം ഉന്നയിക്കുമ്പോള്‍ വിഭജനം ഉണ്ടാക്കുന്നു എന്ന ആരോപണം ഉന്നയിച്ചുമാണ് സര്‍ക്കാര്‍ നേരടാന്‍ ശ്രമിക്കുന്നത്. അടിസ്ഥാന പ്രശ്‌നത്തിനു ഇതുവരെയും പരിഹാരം ആയിട്ടുമില്ല.