ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലായി ഇടിമിന്നലേറ്റ് 38 പേർ മരിച്ചു. വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ നേരിടുന്നതിനിടെയാണ് മിന്നലാക്രമണത്തില്‍ നിരവധിപ്പേര്‍ മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്കും ആറ് മണിക്കുമിടക്കാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.
കൃഷി സ്ഥലനങ്ങളിൽ ജോലി ചെയ്തവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ ഇടിമിന്നലേറ്റ് മരണപെട്ടത്, 11 പേര്‍, മൂന്ന് കുട്ടികളടക്കം 7 പേര്‍ക്കാണ് സുല്‍ത്താന്‍പൂരില്‍ ഇടിമിന്നലേറ്റത്. ചന്ദൗലി 6, മെയിന്‍പൂരിയില്‍ 5, പ്രയാഗ്രാജില്‍ 4, ഡിയോറിയ, ഔറയ്യ, ഹത്രാസ്, സിദ്ധാര്‍ത്ഥനഗര്‍, വാരണാസി എന്നിവിടങ്ങളില്‍ ഓരോ ആളുകളുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഔറയ്യയില്‍ മാവിനടിയില്‍ മഴയത്ത് വിശ്രമിക്കുന്നതിനിടെയാണ് 14 വയസ്സുകാരന് മിന്നലേറ്റത്. മിന്നലേറ്റ് നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുപിയിലും സമീപ പ്രദേശങ്ങളിലും വരുന്ന അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.