തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴ തുടരുന്നു. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ന് മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരണപ്പെട്ടത്.
ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയുടെ വിവിധ വലിയ കെടുതികളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. നൂറോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കണ്ണൂർ ചാവശേരിയിൽ കാർ വെള്ളത്തിൽ മുങ്ങി. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേരും രക്ഷപ്പെട്ടു. രാവിലെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാറാണ് അപകടത്തിൽ പെട്ടത്. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളത്തിലായ റോഡിൽ കാർ കൂടുങ്ങുകയായിരുന്നു. കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു.
മട്ടന്നൂരിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് കുവൈറ്റ്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. അഞ്ചരക്കണ്ടിയില്‍ വിദ്യാർഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉളിയിൽ കാച്ചിലാണം റോഡ് തോട്ടിലേക്ക് ഇടിഞ്ഞുവീണു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഉളിയിൽ – പാച്ചിലാളം റോഡ്, ഉളിയിൽ – മുല്ലേരിക്കണ്ടി – കല്ലേരിക്കൽ റോഡിലും വെള്ളം കയറിയിട്ടുണ്ട്. കുന്നിൻ കീഴിൽ – അത്ത പുഞ്ച റോഡ് പാലം പൂർണമായും വെള്ളത്തിലായി. തോട് കരകവിഞ്ഞതിനെ തുടർന്ന് ഉളിയിൽ ഗവ. യുപി സ്കൂളിൽ വെള്ളം കയറി.
കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയില്‍ കല്ലാച്ചിയില്‍ വീട് തകര്‍ന്നു. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്കാണ്. കനത്ത മഴയിൽ മമ്പറം മൈലുള്ളി മെട്ടയിൽ കീഴത്തൂർ റോഡിൽ വീട് തകർന്നു. ആയഞ്ചേരി ടൗണിൽ തീക്കുനി റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ആനക്കാംപൊയിലിൽ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. കക്കയം ഡാമിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ഇവിടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി.
ഇടുക്കിയിലെ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനുള്ളിൽ ഷട്ടര്‍ തുറക്കേണ്ടി വരും. കാലവർഷത്തിൽ ഇടുക്കിയിൽ മാത്രം തകർന്നത് 25 വീടുകളാണ്. 23 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. മഴമൂലം അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.
കോട്ടയം ജില്ലയിൽ പല പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ അധികവും വെള്ളത്തിനടിയിലാണ്. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വിജയപുരം പഞ്ചായത്തിലെ ആനത്താനത്തു വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.