വയനാട്: വയനാടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 51 പേർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മേപ്പാടിയിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ 70ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാണാതായ കുടുംബങ്ങൾ നിരവധിയാണ്.
ആദ്യ ഉരുൾപൊട്ടൽ നടന്നത് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു. 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടുകയായിരുന്നു, മൂന്ന് തവണയായി ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് അറിവ്. നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.
അപകടമേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട് കിടക്കുന്നുണ്ട്. പ്രദേശത്തേക്കുള്ള വഴികളെല്ലാം തകർന്നതോടെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നിട്ടുണ്ട്.
എന്‍ഡിആര്‍എഫ് സംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ്, അപകടം നടന്നു 11 മണിക്കൂറിന് ശേഷം സംഘത്തിന് അവിടെ എത്തിപ്പെടാൻ സാധിച്ചത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണ് ഉരുൾപൊട്ടലിൽ തകർന്നത്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും