വയനാട്: വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 252 ആയി. ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുള്ളതായി അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 158 മരണങ്ങളാണ് സര്‍ക്കാര്‍ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം, കനത്ത മഴ തുടരുന്നതിനാൽ മേഖലയിലെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങൾ തടസപ്പെട്ടു. അപായ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഇന്നത്തെ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചത്. വ്യാഴാഴ്ച കാലത്ത് രക്ഷാപ്രവർത്തനം വീണ്ടും പുനരാരംഭിക്കും.
ചൂരൽ മലയിൽ കനത്ത മഴ നിര്‍ത്താതെ പെയ്യുകയാണ്. ഉരുൾപൊട്ടിയതിന് സമാനമായ രൂപത്തിലാണ് മലവെള്ളം കുത്തിയൊഴുകുന്നത്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഭാഗിമായി തടസപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.