വയനാട് : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടി മണ്ണിനടിയിലായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്നു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൂരല്‍മലയില്‍നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മുണ്ടക്കൈ. ദുരന്തത്തിന്റെ മൂന്നാംനാള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനനങ്ങളിൽ 1,167 പേരടങ്ങുന്ന സംഘമാണുള്ളത്
ഇന്നത്തെ രക്ഷാപ്രവർത്തനങ്ങൾ ഒന്‍പത് സംഘങ്ങളായി തിരിഞ്ഞാണ് നടക്കുന്നത് . കഴിഞ്ഞ ദിവസം 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉൾപ്പടെ കൂടുതല്‍ യന്ത്രങ്ങൾ അപകടമേഖലയിൽ എത്തിച്ചിരുന്നു. കൂടുതൽ ഉപകരണങ്ങളും കട്ടിംഗ് മെഷീനുകളും ആംബുലൻസുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും സൈനികരും അഗ്നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിന്റെ സേവനവും തെരച്ചിലിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ചൂരല്‍മലയിൽ നിന്നും മുണ്ടക്കൈ ഭാഗത്തേക്ക് പോകുന്നതിന് കരസേന താത്കാലിക നടപ്പാലം ഇന്നലെ രാത്രി നിര്‍മിച്ചു. ഈ പാലത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്കുള്ള റോഡില്‍ എത്തിയത്. 190 അടി നീളമുള്ള ബയ്ലി പാലം നിര്‍മാണം ചൂരല്‍മലയില്‍ ഇന്ന് പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങളടക്കം മുണ്ടക്കൈയില്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കും. ബെയ്ലി പാലത്തിന് 24 ടണ്‍ ശേഷിയുണ്ടാവും
ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം വർദ്ദിക്കുമെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. 282 മൃതദേഹങ്ങളാണ് ഇതുവരെ ചൂരല്‍മലയിലും മുണ്ടൈക്കയിലും ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലുമായി കണ്ടെത്തിയത്. ബുധനാഴ്ച വരെ 167 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 96 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. 166 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 49 എണ്ണം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി 240ല്‍ അധികം ആളുകളെ കാണാതായിട്ടുണ്ട്.
നാനൂറിലധികം വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈയില്‍ മുപ്പതോളം വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഉരുള്‍വെള്ളം ഒഴുകിയ ഭാഗങ്ങളില്‍ വീടിന്റെ മുകള്ഭാഗം മാത്രം മുകളില്‍ കാണാവുന്ന വിധത്തിലാണ്, ബാക്കി ഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട് ചെറിയ വീടുകള്‍ അപ്പാടെ ഒലിച്ചുപോകുകയോ മണ്ണില്‍ പുതയുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്നവര് കരുതുന്നത്.