ന്യൂദൽഹി : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് തുടങ്ങുന്ന ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ദൽഹിയിലെത്തിയതാണ് ഗവർണർ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ഗവർണർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികൾ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
രാഷ്ട്രപതി ഭവനിൽ ചേരുന്ന യോഗത്തിൽ വയനാട് ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവർണർ അറിയിച്ചു. വയനാടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഖലീൽ ബുഖാരി തങ്ങളും കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വയനാട് ദുരന്ത മേഖല സന്ദർശിച്ച ശേഷം വാർത്താ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്.