മേപ്പാടി : വയനാട് സൂചിപ്പാറയില്‍ ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. ഒരു ശരീരഭാഗം കൂടി ഇനി കണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനകാരണം ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടി വന്നത് കൊണ്ടാണ് ശരീരഭാഗം കൊണ്ടുവരാനുള്ള ദൗത്യം മാറ്റിവച്ചത്.
സൂചിപ്പാറ ഭാഗത്ത് നിന്നും കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് കാലത്ത് എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയിലെത്തിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നലെ കണ്ടെത്തിയ മൂന്ന് പൂര്‍ണ മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. രക്ഷാദൗത്യ സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പി പി ഇ കിറ്റ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങള്‍ ഇന്നലെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വൈകിയത്.
മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ജനകീയ തിരച്ചിലിൽ ഇന്നലെ ഏറ്റവും ദുര്‍ഘടനമായ മേഖലയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.