തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വയനാട് പുനരധിവാസവും വിലങ്ങാട് പാക്കേജും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എല്ലാതരം കടങ്ങളും എഴുതിത്തള്ളണം, ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് നിർമ്മിക്കണം, സാധാരണ വീടും സ്ഥലവും എന്നതിന് പകരം സാമൂഹിക ജീവിതം സാധ്യമാകുന്ന തരത്തില്‍ ടൗണ്‍ഷിപ്പ് മാതൃക സ്വീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പ്രതിപക്ഷം സമർപ്പിച്ചത്. പുനധിവാസത്തിനുള്ള സ്ഥലം കണ്ടെത്തിയാലുടന്‍തന്നെ പ്രതിപക്ഷവുമായി ചര്‍ച്ചനടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചിതറിപ്പോയ ഗ്രാമവാസികളെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം, കൃഷികൾക്ക് കൃഷിക്ക് സൗകര്യം ചെയ്തുകൊടുക്കണം തുടങ്ങിയ ആവശ്യങ്ങളും പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ നല്‍കിയ വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ളവ എഴുതിത്തള്ളണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടുണ്ട്.
ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണം. കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളുണ്ട്. മുതിര്‍ന്നവര്‍ മാത്രം ജീവിച്ചിരിക്കുന്ന കുടുംബങ്ങളുമുണ്ട്. വരുമാന സ്രോതസ് നഷ്ടപ്പെട്ട കുടുംബങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തേയും പ്രത്യേകമായി പരിഗണിച്ച് മൈക്രോ ലെവല്‍ പാക്കേജ് നടപ്പാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്.
പൂര്‍ണവും ശാസ്ത്രീയവുമായ പരിശോധനകൾ, പ്രോണ്‍ ഏരിയ മാപ്പിങും മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ കൊണ്ടുവരണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കാലാവസ്ഥാ വകുപ്പുകളും ശാസ്ത്ര സ്ഥാപനങ്ങളും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം.
24 ഉരുള്‍ പൊട്ടലുകളുകൾ വിലങ്ങാട് മേഖലയില്‍ ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നാട്ടുകാര്‍ പറയുന്നത് നാല്‍പ്പതോളം ഉരുള്‍ പൊട്ടലുണ്ടായെന്നാണ്. വളരെ ഗുരുതരമായ ആഘാതമാണ് വിലങ്ങാട് ഗ്രാമത്തിലുണ്ടായത്. നിരവധി വീടുകളാണ് തകര്‍ന്നത്. നൂറ്റിഅന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. 350 ഹെക്ടര്‍ കൃഷിനശിച്ചു. 116 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമല്ലാതെയായി. 7 പാലങ്ങള്‍ ഇല്ലാതായി. 25 റോഡുകള്‍ തകര്‍ന്നു. ഇതിന് പുറമെ കുടിവെള്ള പദ്ധതികള്‍ നിലച്ചു. വാണിമേല്‍ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ടങ്ങളുടെ കണക്കും മുഖ്യമന്ത്രിക്ക് നല്‍കി. വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.