കൽപറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ലെന്ന് വിദഗ്ത സംഘം. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയ ശേഷം ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചൂരൽമലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇനിയും താമസയോഗ്യമാണ്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തണോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അണക്കെട്ട് പ്രതിഭാസം മൂലമാണ് എട്ട് കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണമെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.
ശക്തമായ മഴയാണ് ഉരുൾപൊട്ടൽ മേഖലയിൽ പെയ്തതത്. രണ്ട് ദിവസം കൊണ്ട് മാത്രം 570 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. സാധാരണഗതിയിൽ ഈ അളവിൽ മഴ വർഷിക്കാത്തതാണ്.
വനപ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങൾ ഉൾപ്പെടെ താഴേക്ക് പതിക്കുകയും പുഴയുടെ വീതി കുറഞ്ഞ സീതമ്മക്കുണ്ടിൽ അടിഞ്ഞ് ഒരു താത്കാലിക ഡാം രൂപപ്പെട്ടു. ഈ സംഭരണി പൊട്ടിയ ശക്തിയിലാണ് വീടുകൾ അടക്കം ഒലിച്ചുപോയതെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.
ഒരിക്കൽ ഉരുൾ പൊട്ടി സ്ഥലത്ത് വീണ്ടും ഉടൻ ഉരുൾ പൊട്ടാൻ സാധ്യതയില്ല. ഇതിന് കാലതാമസമെടുക്കും. എങ്കിലും ഈ പ്രദേശത്ത് നിലനിൽക്കുന്ന വീടുകളിൽ ദീർഘ നാളത്തേക്ക് ജനവാസം സാധ്യമല്ലെന്ന് സംഘം വ്യക്തമാക്കി.